ഹംപി

രാജക്കന്മാരെല്ലാം കൊള്ളക്കാരാണ് .. ആടയാഭരണങ്ങള്‍ അണിഞ്ഞ കൊള്ളക്കാര്‍.
ആ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ ആദ്യം അനുഭവപ്പെടുക ഒരു മൂകതയാണ്. നിശബ്ധരാക്കപ്പെട്ടവരുടെ മൂകത. അത് പലതും വിളിച്ചു പറയുന്നുണ്ട്.

ചുറ്റും നോക്കിയാല്‍ കല്ലുകൊണ്ട് തീര്‍ത്ത വിസ്മയങ്ങള്‍ കാണാം. എന്ത് ഉണ്ടാക്കിയാലും അതിലെ ഓരോ കല്ലിലും കൊത്തുപണികള്‍. 







കല്ലുകൊണ്ട് ഉണ്ടാക്കിയ അക്വാ ഡക്ക്റ്റ്. അതിലൂടെ വളരെ ദൂരെ നിന്നും വെള്ളം വന്ന് മനോഹരമായ പടിക്കെട്ടുകള്‍ ഉള്ള “പുഷ്കരിണി” കുളത്തിലേക്ക് വീഴാനുള്ള സംവിധാനം. അങ്ങനെ പലതും.

പക്ഷെ ഈ കാഴ്ചകളെക്കാള്‍ മനസ്സില്‍ തങ്ങി നില്‍ക്കുക വേറെ ചിലതാണ്. തല യില്ലാത്ത നന്തി വിഗ്രഹം, വിഗ്രഹമില്ലാത്ത അമ്പലങ്ങള്‍, തുമ്പിക്കൈ ഇല്ലാത്ത ആനപ്രതിമകള്‍ അങ്ങനെ പലതും. ഒരു അധിനിവേശത്തിന്റെ തിരു ശേഷിപ്പുകള്‍.


ഈ ഒഴിഞ്ഞ കെട്ടിടങ്ങള്‍ നമ്മളെ പലതും ഓര്‍മിപ്പിക്കും. ഇവിടെയും കുറെ ജനങ്ങള്‍ ജീവിച്ചിരുന്നു. അവര്‍ക്ക് ഒരു സംസ്കാരം ഉണ്ടായിരുന്നു, വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. കലാ വൈദഗ്ധ്യം ഉണ്ടായിരുന്നു. ആഗ്രഹങ്ങളും അഭിമാനവും ഉണ്ടായിരുന്നു. 200 വര്‍ഷത്തിലധികം വിജയ നഗര സാമ്രാജ്യം എല്ലാ പ്രൗഢിയോടും കൂടി ഇവിടെ നിലനിന്നിരുന്നു. അവരുടെ ശില്പകലയിലെ ചാതുര്യം നാളിതുവരെ നമ്മൾ കണ്ടതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ്.

ആ സ്ഥലങ്ങൾ എല്ലാം ഇന്ന് ഒഴിഞ്ഞു കിടക്കുന്നു. പോയകാലത്തിന്റെ ഒഴിഞ്ഞ കല്ലറകൾ പോലെ.
ചിന്തകള്‍ ചെന്ന് കയറിയത് നടുക്കുന്ന ചില ദൃശ്യങ്ങളിലേക്കാണ്. 1565-ല്‍ സുല്‍ത്താനമ്മാർ വാൻ സൈന്യവുമായി വരുന്നു. യുദ്ധാവസാനം വിജയനഗര സാമ്രാജ്യം അടിയറവു പറയുന്നു. യുദ്ധം കഴിഞ്ഞാല്‍ പിന്നെ മോഷണമാണ്. അത് ഇവിടെ മാത്രമല്ല, എല്ലാ യുദ്ധത്തിന്റെയും അവസാനം കീഴടക്കിയ നാട്ടിലെ വിലപിടിപ്പുള്ളതെന്തും സൈന്യം കവര്‍ന്നെടുക്കും. എന്നാല്‍ ആ കവർച്ച കവർന്നെടുത്ത് ഒരു സംസ്കാരത്തെയാണ്.
നാല് സുല്‍ത്താന്മാര്‍ ഒരുമിച്ചാണ് വിജയനഗരം ആക്രമിച്ചത്. ഒടുവില്‍ ദക്ഷിണ ഭാരതത്തിലെ അവസാനത്തെ പ്രമുഖ ഹിന്ദു സാമ്രാജ്യം മുട്ടുമടക്കി. ചില ചരിത്ര ഗവേഷകരുടെ അഭിപ്രായത്തില്‍ അവിടെ മാസങ്ങളോളം നീണ്ട കവര്‍ച്ചയാണ് പിന്നെ നടന്നത്. വിഗ്രഹാരാധന ശീലമില്ലാത്ത സുല്‍ത്താന്‍റെ സൈന്യം അമ്പലങ്ങളും വിഗ്രഹങ്ങളും തച്ചു തകര്‍ത്തു. നഗരത്തിലെ കെട്ടിടങ്ങളും കല്‍ മണ്ഡപങ്ങളും മറ്റും തകര്‍ക്കപ്പെട്ടു. അവിടത്തെ ജനങ്ങളെ എല്ലാം ആട്ടിപായിച്ചു. ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത പ്രേതനഗരമായി വിജയനഗരം അവശേഷിച്ചു.
ഇന്നീ രാജ്യത്ത് കാണുന്ന പല അഭിമാന സ്തംപങ്ങളും പണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരു സംസ്കാരത്തിന്‍റെയും മനോഹരമായ കെട്ടിടങ്ങളുടെയും തകര്‍ക്കപ്പെട്ട അവശിഷ്ടങ്ങളുടെ മുകളില്‍ കെട്ടിപ്പോക്കിയതാണ്. ചുട്ടെരിക്കപ്പെട്ടവയുടെ കൂട്ടത്തില്‍ അന്നത്തെ ലോക നിലവാരമുള്ള സര്‍വകലാശാലകലായ നളന്തയും തക്ഷശിലയും പെടും. ഹംപിയുടെ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും ഈ ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.
അന്ന് നടന്ന ആക്രമണത്തിന് ശേഷം തകര്‍ക്കപ്പെട്ട അവിടേക്ക് 1800-ല്‍ ആണ് ആരെങ്കിലും അന്വേഷിച്ചു വരുന്നത്. ടിപ്പു സുല്‍ത്താന്‍ പരാജയപ്പെട്ട ശേഷം ഈ സ്ഥലം ബ്രിട്ടീഷുകാരുടെ കീഴിലായി. അപ്പോള്‍ സര്‍വേ ജനറല്‍ ‘കോളിന്‍ മെക്കന്‍സി’ ഇവിടെ സര്‍വേ നടത്തി. അയാളുടെ നിരീക്ഷണത്തില്‍ ഹംപി വിജനമായ ഒരു കാട്ടുപ്രദേശം ആയി വിലയിരുത്തപ്പെട്ടു. അവിടം വന്യജീവികള്‍ മാത്രം വസിക്കുന്ന ഒരു പ്രദേശം ആണെന്ന് മെക്കന്‍സി റിപ്പോര്‍ട്ട്‌ കൊടുത്തു.
പിന്നെയും അരനൂറ്റാണ്ട് പിന്നിട്ടു ഹംപിയെ കുറിച്ച് പുറം ലോകം അറിയാന്‍. ‘അലക്സാണ്ടര്‍ ഗ്രീന്‍ലോ’ 1856-ല്‍ ഇവിടം സന്ദര്‍ശിച്ച് കുറെ ചിത്രങ്ങള്‍ എടുത്തു. പഴയ രാജകൊട്ടരതിന്റെയും അമ്പലങ്ങളുടെയും ശേഷിപ്പുകള്‍ ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ 1980 വരെ ബ്രിട്ടന്‍ പ്രസിദ്ധീകരിച്ചില്ല.
ഇന്ന് ഹംപി 41.5 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ 1,600 ഓളം വരുന്ന പഴയ വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പികളും പേറി വിശ്രമിക്കുന്നു. യുനിസ്കോ പൈത്രിക പട്ടികയില്‍ ഇടംപിടിച്ച ഈ പ്രദേശം ഇന്ന് ഒരുപാട് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
അവിടെ കണ്ട ഗൈഡ് പറഞ്ഞതനുസരിച്ച് ഹംപിയില്‍ ഇനിയും മണ്ണിനടിയില്‍ കിടക്കുന്ന ഒരുപാട് കെട്ടിടങ്ങളും കുളങ്ങളും ഉണ്ട്. ഒരുപാട് പടിക്കെട്ടുകള്‍ ഉള്ള പുഷ്കരിണി തന്നെ അധികം കാലമായിട്ടില്ല മണ്ണ് നീക്കി പുറത്ത് കൊണ്ട് വന്നിട്ട്. നമ്മൾ ചവിട്ടി നിൽക്കുന്ന മണ്ണിനു കീഴെയും ചരിത്രത്തെ അടക്കം ചെയ്തിട്ടുണ്ടാവുമെന്നു സാരം.

ഹംപിയില്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും ഒരു ഓര്‍മപ്പെടുത്തലാണ്. ഒരിക്കലും നികത്താനാവാത്ത ചില നഷ്ട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍. നമുക്കൊരു പൈതൃകം ഉണ്ടായിരുന്നു, സംസ്കാരം ഉണ്ടായിരുന്നു എന്നൊക്കെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍. ഇവിടെ കാണുന്ന പല വിഗ്രഹങ്ങളും കൊത്ത് പണികളും നാട്ടിൽ കണ്ടു ശീലിച്ച അമ്പലങ്ങളിലേതിനെക്കാള്‍ വ്യത്യസ്തമാണ്.

അന്നത്തെ ലിപി ആലേഖനം ചെയ്ത കല്ലുകളും, ഭൂമിക്കടിയില്‍ ഉള്ള രാജാവിന്‍റെ രഹസ്യ സമ്മേളന അറകളും , കല്ലുകൊണ്ട് പണിത ഓവുകളും , രഥത്തിന്റെ രൂപത്തിലുള്ള അമ്പലവും….. എന്നിങ്ങനെ ഹംപിയില്‍ കണ്ടു തീര്‍ക്കാന്‍ ഒരുപാടുണ്ട്. ഒരു സാധാരണക്കാരനും, ചരിത്രാന്വേഷിക്കും, ആര്‍ക്കിട്ടെക്ക് അറിവുള്ളവനും ഓരോ തരത്തിലാണ് ഹംപി കാഴ്ചകള്‍ ഒരുക്കുക.


ഞാന്‍ അവിടെ ആകെ ചിലവഴിച്ചത് കുറച്ചു മണിക്കൂറുകള്‍ ആണ്. അപ്പോഴേക്കും മനസ്‌ മറ്റൊരു അവസ്ഥയില്‍ ആയിരുന്നു. ഉള്ളില്‍ ആരോടൊക്കെയോ അമര്‍ഷവും, എന്തിനെന്നറിയാത്ത ഒരു വിങ്ങലും.
ഇനിയും പോകണം അവിടേക്ക്.. കുറെ ഏറെ ചരിത്രം കൂടി പഠിച്ച ശേഷം.. ദിവസങ്ങള്‍ ചിലവഴിക്കണം. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പലതും ഹംപി ഒരുപാട് ഉള്ളില്‍ ഒളിപ്പിച്ചിട്ടുണ്ട്.
പിന്‍ കുറിപ്പ്: താമസിക്കാന്‍ ഉള്ള സ്ഥലം ഹംപിയില്‍ നിന്ന് കുറച്ച് അകലെ ‘ഹോസ്പേട്ട് “
നടന്നു കാണാന്‍ ഒരുപാട് സമയം എടുക്കും. അതുകൊണ്ട് സ്വന്തം വാഹനം ഉപയോഗിച്ചാല്‍ നന്നായിരിക്കും. ഒരു സ്ഥലത്ത് വാഹനം നിര്‍ത്തി നടന്നുതുടങ്ങിയാല്‍ കുറെ കഴിഞ്ഞ് വാഹനം നിര്‍ത്തിയ സ്ഥലം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും.
ഓട്ടോ വിളിക്കാം. പക്ഷെ ആദ്യമേ റേറ്റ് പറഞ്ഞ് ഉറപ്പിക്കണം. ഓട്ടോ ഡ്രൈവര്‍ ഒരു ഗൈഡിനെ പോലെ കുറച്ചൊക്കെ കാര്യങ്ങള്‍ പറഞ്ഞു തരും.
ഹംപിയുടെ ചരിത്രം അല്‍പ്പം അറിഞ്ഞു വെച്ചശേഷം അവിടം സന്ദര്‍ശിക്കുക. അതൊരു വ്യതസ്ത അനുഭവം ആയിരിക്കും. നാല് ദിവസം എങ്കിലും ചുരുങ്ങിയത് അവിടെ ചിലവഴിക്കണം.

Comments

Popular posts from this blog

പണികിട്ടിയ യാത്രയുടെ

നാമക്കല്‍ ടൌണിലെ കോട്ട.